ഈ ബ്ലോഗ് തിരയൂ

2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

അര്‍ത്തുങ്കല്‍ ജനസാഗരമായി;ബസിലിക്ക പ്രഖ്യാപനം വിശ്വസികള്‍ക്ക് പുളകമായി!

ബസിലിക്കപ്രഭയില്‍ അര്‍ത്തുങ്കല്‍പള്ളി
       അര്‍ത്തുങ്കല്‍ ഇനി ലോകവിശ്വാസ ഭൂപടത്തിന്റെ നെറുകയില്‍! ആലപ്പുഴരൂപതയിലെ വിശ്വാസ സമൂഹത്തിന് ആനന്ദത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് ജനലക്ഷങ്ങളെ സാക്ഷിയാക്കി അര്‍ത്തുങ്കല്‍ പള്ളി ബസിലിക്ക പദവിയിലേക്ക് ഉയര്‍ന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സാല്‍വത്താരോ പെനോക്യോ ഇതു സംബന്ധിച്ച ഡിക്രി വായിച്ചതോടെ അര്‍ത്തുങ്കല്‍ പള്ളി കേരളത്തിലെ ആറാമത് ബസിലിക്കയായി മാറി.ആര്‍ച്ച് ബിഷപ്പുമാരായ സൂസപാക്യം തിരുമേനി,ഫ്രാന്‍സിസ് കല്ലറയ്ക്കല്‍,മാത്യൂ മൂലക്കാട്ട്,ആലപ്പുഴ രൂപതയുടെ ഇടയന്മാരായ സ്റ്റീഫന്‍ പിതാവ്,പീറ്റര്‍ തിരുമേനി എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.ലത്തീന്‍ ഭാഷയിലെ ദിവ്യബലി വിശ്വാസികള്‍ക്ക് നവ്യാനുഭൂതി പകര്‍ന്നു.
          വൈകുന്നേരം 5 മണിക്ക് ചേര്‍ന്ന പൊതുസമ്മളനം അഭിവന്ദ്യ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് സൂസപാക്യം ഉദ്ഘാടനം ചെയ്തു.വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.എം.കെ.സാനു,ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍,പി.തിലോത്തമന്‍ എം.എല്‍.എ, ഹക്കിം  പാണാവള്ളി തുടങ്ങിയവര്‍ സംസാരിച്ചു.ബസിലിക്ക സുവനീറും അര്‍ത്തുങ്കല്‍ നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടു.ആലപ്പുഴ രൂപതയിലെ വിശ്വാസ സമൂഹത്തിന് അഭിമാനത്തിന്റെയും ആത്മനിര്‍വൃതിയുടെയും നിമിഷങ്ങളാണ് ബസിലിക്ക പ്രഖ്യാപന ചടങ്ങ് സമ്മാനിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ